Tuesday, September 7, 2010

മരണത്തേക്കാള്‍ വലിയ മദ്യദുരന്തം

നാളുകള്‍ക്ക് ശേഷം മറ്റൊരു മദ്യ ദുരന്തം കൂടെ നമ്മുടെ നാട്ടില്‍ സംഭവിച്ചിരിക്കുന്നു. സ്വന്തം പ്രജകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ഒരു ഭരണ സമ്പ്രദായം നില നില്‍ക്കുന്ന നാടിനെ എങ്ങിനെ ആണ് ആധുനീകം എന്ന് കരുതുക? കൌമാരക്കാര്‍ വരെ മദ്യത്തിനു അടിമകളായി മാറിയിരിക്കുന്നു. സ്തീകളും മദ്യത്തിന്റെ രുചി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മദ്യത്തിന്റെ ഉപഭോഗത്തില്‍ ഉള്ള വര്‍ദ്ധനവിനെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാക്കി മാറ്റാറുണ്ട്. വാര്‍ത്തയുടെ വലിയ വിപണിയില്‍ ഇതുപോളെ ഉള്ള എന്തിനു വിപണന സാധ്യതയുണ്ടെന്ന് അവര്‍ വാര്‍ത്തകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. മദ്യത്തിനെതിരായ വാര്‍ത്തകളേക്കാള്‍ മദ്യത്തിന്റെ വിറ്റുവരവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ പറ്റില്ല. അതുപോലെ മദ്യത്തിനെതിരായ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും ശരിയല്ല. ഇവിടെ വ്യാജമദ്യം വിറ്റവര്‍ക്കെതിരെ എടുക്കുന്ന അതെ വകുപ്പുകള്‍ ഉത്തരവാദിത്വ പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും എടുക്കണം. എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്‍ വെട്ടത്തുനിന്നും കേവലം 200 മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ കാര്യങ്ങള്‍ പോലും ഇവര്‍ ശ്രദ്ധിച്ചില്ല എന്നത് സംശയകരമാണ്

കുറ്റിപ്പുറത്തെ മദ്യഷാപ്പില്‍ നിന്നും കഴിച്ച വിഷക്കള്ളിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നതും സ്തീകളെയാണ്. തൊഴിലെടുത്ത് കുടുമ്പം പുലര്‍ത്തുന്ന പലരും വിഷമദ്യം കഴിച്ച് മരിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു.

പലപ്പോഴും ട്രെയിന്‍ യാത്രയില്‍ തമിഴ്നാട്ടുകാരായ തൊഴിലാളി സ്തീകളെ കണ്ടു മുട്ടാറുണ്ട്. അവര്‍ ട്രെയിനിന്റെ വാഷ് ബേസിനില്‍ നിന്നും വെള്ളം എടുത്ത് മദ്യപിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ജീവിതത്തിന്റെ കടുത്ത യാദാര്‍ഥ്യങ്ങളോട് മല്ലടിക്കുന്ന അവരില്‍ പലരും നിര്‍‌വികാരമായിട്ടാണ് മദ്യം കഴിക്കുന്നത്. ചിലര്‍ മടിയിലെ ചെറിയ പൊതികളില്‍ നിന്നും എന്തൊക്കെയോ വസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി മുറുക്കുന്നതും കാണാം. ഇത്തരം സംഘങ്ങളില്‍ കൌമാരക്കാരികളായ ചെറിയ പെണ്‍കുട്ടികള്‍ വരെ ഉണ്ടാകും. അവരില്‍ പലരും ലഹരിക്ക് അടിമകളാണ്.

മദ്യത്തിനും മയക്കുമരുന്നിനുമായി ഇത്തരം സ്തീകള്‍ പലപ്പോഴും ലൈംഗീക ചൂഷണത്തിനും വിധേയരാകാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സുരക്ഷിതത്വം ഇല്ലാത്ത ഇത്തരം വേഴ്ചകള്‍ അവര്‍ക്ക് രോഗങ്ങളും പ്രദാനം ചെയ്യുന്നുണ്ടകാം. ചിലര്‍ക്ക് അവിഹിത സന്തതികളേയും സമ്മാനിക്കുന്നു. ഇത്തരം നാടോടികളുമായി ശാരീരിക ബന്ധപ്പെടുന്നതില്‍ “മാന്യന്മാരും“ ഉണ്ടെന്ന് അറിയുമ്പോള്‍ അറപ്പുതോന്നുന്നു. എങ്ങിനെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ തോന്നുന്നു ഇവര്‍ക്ക്?

മലയാളി മദ്യാസക്തിയില്‍ ചെയ്തുകൂട്ടുന്ന പലതും ഞെട്ടിക്കുന്നതാണ്. മക്കള്‍ക്കെതിരെയും, സഹോദരിക്കെതിരെയും എന്തിനു സ്വന്തം മാതാവിനു നേരെയും വരെ ലൈംഗീകമായ അക്രമങ്ങള്‍ക്ക് മുതിരുന്നു. കഴിഞ്ഞവര്‍ഷം ആണെന്ന് തോന്നുന്നു ഒരു മകനും സുഹൃത്തും ചേര്‍ന്ന് മദ്യലഹരിയില്‍ സ്വന്തം മാതാവിനെ പീഠിപ്പിക്കുവാന്‍ ശ്രമിച്ച സംഭവം പത്രങ്ങളില്‍ കണ്ടിരുന്നു. ഇത്തരം സംഭവമാണ് നേരു പറഞ്ഞാല്‍ മദ്യം കഴിച്ച് ഉണ്ടാകുന്ന മരണത്തേക്കാള്‍ വലിയ ദുരന്തം ഇതാണ്. ഇന്നും ആ വാര്‍ത്ത വായിച്ചപ്പോള്‍ ഉണ്ടായ നെടുക്കം മനസ്സില്‍ നിന്നും മാറിയിട്ടില്ല. ആ അമ്മ അനുഭവിച്ച ഹൃദയവേദന എന്തുമാത്രം ആയിരിക്കും?അതൊരു സാമൂഹിക ദുരന്തം കൂടെ ആണ്. മദ്യലഹരിയില്‍ മാതൃത്വത്തെ പോലും അപമാനിക്കുവാന്‍ മുതിരുന്ന മകനു സംഭവിക്കുന്നതാണ്/മദ്യലഹരിയില്‍ സ്വയം മറന്നു ഏറ്റവും നിഷിദ്ദവും നീചവുമായ കര്‍മ്മത്തിനു ഒരുങ്ങുന്ന മകന്റെയും സുഹൃത്തിന്റേയും കയ്യില്‍ നിന്നും മാനത്തിനായി പിടയുന്ന ആ സ്തീയാ‍ണ് മനസ്സില്‍ ഉയര്‍ന്നുവരുന്ന ദൃശ്യമാണ് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുന്ന ഈ മരണ ദൃശ്യങ്ങളേക്കാള്‍ ഭയാനകം.